തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: വലിയ തോല്‍വി ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോല്‍വി ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ മുന്നണി നേതൃത്വം. ഓരോ ഘടകകക്ഷികളും തങ്ങളുടെ ആഭ്യന്തര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയില്‍ എല്‍ഡിഎഫ് യോഗം ചേരും. ആ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (കെ-റെയില്‍) ചര്‍ച്ചയായില്ല. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം സംബന്ധിച്ചും യോഗത്തില്‍ അഭിപ്രായവിനിമയം ഉണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചുള്ള സിപിഐഎമ്മിന്റെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞതിന് ശേഷം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭരണവിരുദ്ധ വികാരം ഇല്ലെന്ന സിപിഐഎമ്മിന്റെ നിലപാട് സിപിഐ തള്ളിയിരുന്നു. ശബരിമല സ്വര്‍ണ്ണകൊള്ള വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
സര്‍ക്കാരിനോടുള്ള എതിര്‍പ്പല്ല, മറ്റ് ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. നിലവിലുള്ള എതിര്‍പ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന ആത്മവിശ്വാസവും സിപിഐഎം നേതൃത്വം പ്രകടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന അഭിപ്രായവും സിപിഐഎമ്മിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.




