കാറുകളില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന; കുവൈത്തില്‍ പരിശോധന ശക്തമാക്കി

കുവൈത്ത് സിറ്റി: വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ച് രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാറുകളില്‍ നിറയെ മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസ് വാഹനം കണ്ടതോടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇവരെ ഉടന്‍ പിടികൂടുമെന്ന് കുവൈത്ത് പൊലീസ് വ്യക്തമാക്കി.
കുവൈത്തിലെ ജിലീബ് അല്‍-ഷുയൂഖ് എന്ന പ്രദേശത്താണ് ആദ്യത്തെ സംഭവം നടന്നത്. അവിടെയുള്ള സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിശോധന നടത്താനായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പൊലീസ് വാഹനം കണ്ടതോടെ കാറിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപെടുക ആയിരുന്നു. ഇയാളുടെ വാഹനത്തിനുള്ളില്‍ 109 കുപ്പി വിദേശ മദ്യം കണ്ടെത്തി.
വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജലീബ് അല്‍-ഷുയൂഖ് മേഖലയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന് നേരത്തെ കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.