KeralaNews

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു, ലോകത്തിൻ്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് ഡോ. ദിവ്യ എസ് അയ്യരിൽ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.

ചലച്ചിത്രങ്ങൾ ഒരു പുസ്തകം പോലെയാണെന്ന് ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. എഴുത്തുകാരൻ എഴുതിക്കഴിയുമ്പോൾ പുസ്തകം അപൂർണ്ണമായിരിക്കും. അത് വായനക്കാരന്റെ ഹൃദയത്തിൽ എത്തിയാണ് പൂർണ്ണമാകുന്നത്. അതുപോലെയാണ് ഓരോ സിനിമയും. നമ്മൾ ഒരുമിച്ച് സിനിമ കാണുമ്പോൾ നമ്മൾ അതിൽ നിന്ന് ഉൾക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കാൻ മലയാളത്തിന് സാധിക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും ഡോ. ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ 2013ൽ ഡെലിഗേറ്റായി ഐഎഫ്എഫ്കെയിൽ പങ്കെടുത്ത ഓർമകൾ ലിജോമോൾ ജോസ് പങ്കുവച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി രാകേഷ്, ജി എസ് വിജയൻ, സുധീർ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button