കീഴ്‌വഴക്കങ്ങള്‍ മാറട്ടെ; അവധിക്കാലം മാറ്റാമെന്ന മന്ത്രിയുടെ അഭിപ്രായം സ്വാഗതാര്‍ഹം

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മധ്യവേനലവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ സ്വാഗതം ചെയ്ത വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അഭിപ്രായം ഏറെ സ്വാഗതാര്‍ഹമാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന കീഴ്‌വഴക്കങ്ങള്‍ മാറ്റി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് അവധി ക്രമീകരിക്കുന്നത് എന്തുകൊണ്ടും ഉചിതം തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പ് മന്ത്രി പറഞ്ഞതുപോലെ ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണ് താനും.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്ന് അറിയുമ്പോള്‍ തന്നെ പല ജില്ലയിലെ കളക്ടര്‍മാരും അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും ഇത്തരത്തില്‍ മഴ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കേണ്ടി വരുന്നത്. എന്നാല്‍ അവധി പ്രഖ്യാപിച്ച ദിവസങ്ങളില്‍ പലപ്പോഴും ശക്തമായ മഴ ഉണ്ടാകാറില്ല എന്നതും മറ്റൊരു വസ്തുതയാണ്. അതിനാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി, ജൂണ്‍ ജൂലൈ മാസങ്ങളിലേക്ക് അവധി മറ്റുന്നത് എന്തുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കും. ഇതിലൂടെ ഒരു പരിധിവരെ ക്ലാസുകള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനും സാധിക്കും.
ഇതിനുപുറമേ മഴക്കാലങ്ങളില്‍ പല താലൂക്കുകളിലെയും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കാറുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ളവരെയും മഴക്കാലത്ത് മറ്റ് ദുരിതമനുഭവിക്കുന്ന ആളുകളേയുമാണ് ഇത്തരത്തില്‍ സ്‌കൂളുകള്‍ പോലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. പലപ്പോഴും ഇത്തരത്തില്‍ സ്‌കൂളുകള്‍ ദിവസങ്ങളോ അല്ലെങ്കില്‍ ആഴ്ചകളോ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ടി വരാറുണ്ട്. ഈ സമയങ്ങളിലെല്ലാം ആ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ രീതിയില്‍ ക്ലാസ് ഉണ്ടാവാറില്ല. അതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് അവധിക്കാലം മാറ്റുന്നതോടെ ഈ രീതിയില്‍ പ്രവൃത്തിദിനം നഷ്ടമാകുന്നത് തടയാന്‍ സാധിക്കും.
എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പ് പല വിഷയങ്ങളും പഠിച്ച് അതില്‍ തീരുമാനം കൈക്കൊള്ളേണ്ടതായുണ്ട്. അതില്‍ പ്രധാന കാര്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊടും ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ പലസ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥ പോലുമുണ്ട.് സര്‍ക്കാര്‍ ഇത്തരത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് അവധി മാറ്റുകയാണെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതായി വരും. അതിനാല്‍ തന്നെ കുടിവെള്ളം ലഭ്യമാക്കുക എന്നത് ഏറ്റവും പ്രാഥമികമായ കാര്യമാണ്. ഇതിനുപുറമേ ഏപ്രില്‍, മെയ് മാസങ്ങളില്‍ കുട്ടികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടി വരും. ക്ലാസ് റൂമില്‍ പോലും ചൂട് കുറയ്ക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും.




