സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു; ജനങ്ങളുടെ കണ്ണീരിന് മുകളിലാണ് ആഘോഷമെന്ന് പ്രതിപക്ഷം

0

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു. ഓരോ വകുപ്പിനും പതിനാല് ജില്ലകളിലും ഒരു കോടിയോളം രൂപ കൂടുതൽ ചെലവഴിക്കാം. ആഘോഷത്തിന്‍റെ പേരില്‍ നൂറ് കോടിയാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ജനങ്ങളുടെ കണ്ണീരിന് മുകളിലാണ് ആഘോഷമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് ആഡംബരമല്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി 25 കോടി 91 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് എല്ലാ വകുപ്പുകള്‍ക്കും കൂടുതല്‍ തുക ചെലവഴിക്കാനുള്ള ധനവകുപ്പിന്‍റെ അനുമതി. ജില്ലകള്‍ തോറും ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന എന്‍റെ കേരളം പ്രദര്‍ശന മേളയില്‍ ഓരോ വകുപ്പിനും ഒരു ജില്ലയില്‍ ഏഴ് ലക്ഷം ചെലവിടാം. പതിനാല് ജില്ലകളിലായി 98 ലക്ഷം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മേളയില്‍ പണം ചെലവിട്ടാല്‍ ഈ ഇനത്തില്‍ മാത്രം 30 കോടിയോളം വരും കണക്ക്. ക്ഷേമനിധി പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുമ്പോഴാണ് സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്നും ആഘോഷത്തിന്‍റെ പണം സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ചെലവ് ചുരുക്കിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആഢംബരമില്ലെന്നുമാണ് സർക്കാറിന്‍റെ വിശദീകരണം. വാർഷികാഘോഷം തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇടത് പ്രചാരണം തന്നെയാണ്. അത് കൂടി മുന്നിൽ കണ്ടാണ് യുഡിഎഫിൻ്റെ പരിപാടി ബഹിഷ്ക്കരണം.

LEAVE A REPLY

Please enter your comment!
Please enter your name here