KeralaPolitics

നിയമസഭാ തെരഞ്ഞെടുപ്പ് ; സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്ത് , പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനം. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. അതേസമയം, കോൺ​ഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയും മത്സരിക്കും. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം

അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാ‍ർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തിൽ എംഎ ബേബി അടക്കം പ്രതികരിക്കുമ്പോൾ കോൺഗ്രസ് നിലപാട് കരുതലോടെയാണ്.

പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയോടെ മുറിവേറ്റ സുധാകരൻ ഉടക്ക് തുടരുകയാണ്. അനുനയത്തിന് ഫോണിൽ വിളിച്ചത് സംസ്ഥാന സെക്രട്ടറി തന്നെയാണ്. വാർത്താസമ്മേളനത്തിൽ പരിഹസിച്ചില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് അറിയിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറി നേരിട്ട് വിളിച്ച്‌ വിശദീകരിച്ചിട്ടും കുലുക്കമില്ല സുധാകരന്. മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരൻ ആവർത്തിച്ചു. സിപിഎമ്മിനെ അമ്പരപ്പിക്കുന്ന നിലപാടെടുത്ത സുധാകരനെ വീണ്ടും ഒപ്പം നിർത്തും വിധത്തിലാണ് പാർട്ടിനേതാക്കളുടെ പ്രതികരണം.അതിനിടെ, ഫേസ്ബുക്ക് പോസ്റ്റിൽ പേരെടുത്ത് വിമർശനമുണ്ടെങ്കിലും തനിക്കെതിരെ ജി സുധാകരൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button