കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.
ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റിൽ ചാടി ജിസ്മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി.