
കണ്ണൂര്‍ പാല്‍ച്ചുരം- ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിലെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍-വയനാട് പാതയാണ് പാല്‍ച്ചുരം. റോഡിലാകെ വലിയ കല്ലുകള്‍ കൂമ്പാരമായി വീണ് കിടക്കുകയാണ്. മണ്ണിടിച്ചില്‍ സമയത്ത് ആ വഴി വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ജെസിബി എത്തിച്ച് കല്ലുകള്‍ നീക്കം ചെയ്ത് വരികയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഉച്ച മുതല്‍ ശക്തമായ മഴ പെയ്തിരുന്നു.
വടക്കന്‍ കേരളത്തില്‍ മഴ കനക്കുകയാണ്. മഴയ്‌ക്കൊപ്പം വ്യാപക നാശനഷ്ടങ്ങളും തുടരുകയാണ്.. കോഴിക്കോട് ജില്ലയില്‍ മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഈ ഭാഗങ്ങളില്‍ 15 വീടുകളില്‍ വെള്ളം കയറി. ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളം കയറിയത്. വന്‍തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് കപ്പക്കലില്‍ കടലാക്രമണത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു.
മലപ്പുറം വണ്ടൂരില്‍ സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടമുണ്ടായി. വണ്ടൂര്‍ പുളിയക്കോടാണ് സംഭവം.ഒരു യാത്രക്കാരന് പരുക്കേറ്റു. കാസര്‍ഗോഡ് വിദ്യാനഗറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. ചൌക്കി സ്വദേശികള്‍ സഞ്ചരിച്ച കാറിന് മുകളിലാണ് മരം വീണത്. യാത്രക്കാര്‍ക്ക് പരുക്കില്ല.