Kerala

കണ്ണൂർ കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ;നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത  ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button