കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: എഎ റഹീം, ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണം, പരാതി

മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകാതെയാണെന്ന കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി. വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പെൺകുട്ടിയെ വിവാഹം ചെയ്ത ഫർഹാൻ ഖാനെ കൂടാതെ വിവാഹത്തിൽ പങ്കെടുത്ത് നടത്തിക്കൊടുത്ത എ എ റഹീം എംപി, മന്ത്രി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നാണ് ആവശ്യം. ദേശീയ വനിത കമ്മീഷൻ ഉപദേശക സമിതി അംഗം ജി.അഞ്ജന ദേവിയാണ് പരാതി നൽകിയത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച നടപടിയാണെന്നും, ശൈവ വിവാഹ നിരോധന നിയമപ്രകാരവും കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
പെൺകുട്ടിയുടെ വിവാഹത്തെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുകയാണ്. പെൺകുട്ടിയെ സുരക്ഷിതമായി മധ്യപ്രദേശിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അവളുടെ അച്ഛൻ മധ്യപ്രദേശ് മുഖ്യമന്ത്രിയോട് സഹായം തേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചുവെന്ന ആരോപണത്തിലും മധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചാണ് മൊണാലിസയും മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുത്തവരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരുമുണ്ടായിരുന്നു. വിവാഹത്തിന് ഹാജരാക്കിയ ആധാർ കാർഡിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി രേഖപ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് സിപിഎം പ്രതിരോധിക്കുന്നത്. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് വന്നാൽ അതിനെ നിയമപരമായി നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.




