KeralaNews

സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി

കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും, അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്. പുതിയ ഉത്തരവോടെ ഇപ്പോഴുള്ള പല സുപ്രധാന ഇളവുകളും റദ്ദാകും.

മുമ്പ് സെറ്റ്, നെറ്റ്, പിഎച്ച്ഡി, എംഎഡ് യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് കെ-ടെറ്റ് നിർബന്ധമായിരുന്നില്ല. എന്നാൽ പുതിയ ഉത്തരവോടെ ഈ യോഗ്യതകളുള്ളവരും അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് പരീക്ഷ പാസാകേണ്ടി വരും.

ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനും, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനും ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമാകും. അതേസമയം എൽപി, യുപി നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. സി ടെറ്റ് യോഗ്യതയുള്ളവർക്കുള്ള ഇളവും തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവർക്ക് എൽപി നിയമനവും എലമെന്ററി സ്റ്റേജ് വിജയിച്ചവർക്ക് യുപി നിയമനവും കെ ടെറ്റ് ഇല്ലാതെ സാധ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button