Kerala

ലഹരിക്കെതിരായ കെഎസ്‌യു ക്യാമ്പയിൻ ; പങ്കെടുക്കാതിരുന്ന 290 ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

ലഹരിക്കെതിരായ ക്യാമ്പയിനില്‍ പങ്കെടുക്കാതിരുന്ന 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി.

പതിവില്ലാത്ത വിധം കൂട്ട അച്ചടക്കനടപടിയാണ് കെഎസ്‍യുവില്‍ തുടരുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനടക്കുന്നവര്‍ക്കാണ് പിടിവീണത്. സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും നടപടിയുണ്ട്. 12 ജില്ലകളിലെ 290 ബ്ലോക്ക് ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി നേരിട്ടവരുടെ എണ്ണം ഇങ്ങനെയാണ്. കാസര്‍കോട് 30, കണ്ണൂര്‍ 17, വയനാട് 41, കോഴിക്കോട് 28, മലപ്പുറം 50, പാലക്കാട് 19, ഇടുക്കി 24, കോട്ടയം 17, പത്തനംതിട്ട 14, ആലപ്പുഴ 12, കൊല്ലം 28, തിരുവനന്തപുരം 10. തൃശ്ശൂര്‍ എറണാകുളം ജില്ലകളിലായി അമ്പതിലധികം പേര്‍ക്കെതിരെ നടപടി വരും.

അലോഷ്യസ് സേവിയര്‍ സംസ്ഥാന പ്രസിഡന്‍റായതിന് ശേഷം കൊണ്ടുവന്ന സ്റ്റേറ്റ് കണ്‍വീനര്‍ പദവിക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പല സംസ്ഥാന ഭാരവാഹികളേക്കാളും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നത് കണ്‍വീനര്‍മാരാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ നടപടി എടുത്തവരില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇല്ലെങ്കില്‍ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും പുറത്താക്കുമെന്നാണ് സംസ്ഥാന പ്രസിഡന്‍റ് അലേഷ്യസ് സേവിയര്‍ പറയുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് നടപടിയെന്നതിനാല്‍ കാര്യമായ എതിര്‍പ്പ് സംഘടനയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button