മാവേലിക്കരയില്‍ ഡ്രൈവിങ്ങിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണംവിട്ട ബസ് കടയില്‍ ഇടിച്ചു, ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ഡ്രൈവിങ്ങിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബസ് നിയന്ത്രണംവിട്ട് കടയില്‍ ഇടിച്ചുകയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസിന്റെ ഡ്രൈവര്‍ പ്രദീപിനാണ് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു മാവേലിക്കര നടക്കാവ് മേഖലയില്‍ അപകടം. നിയന്ത്രണംവിട്ട ബസ് ഏറെ ദൂരം മുന്നേറിക്കൊണ്ട് ഒരു കടയുടെ മതിലില്‍ ഇടിച്ചാണ് നിര്‍ത്തിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ നിലവിളിയും ഭീതിയും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബസ് നിയന്ത്രണം വിട്ട ഉടന്‍ തന്നെ ബ്രേക്ക് പിടിച്ച് വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ഡ്രൈവറെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.



