KeralaNews

‌ടിക്കറ്റ് തുക നൽകാൻ വൈകി; യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി, കണ്ടക്ടറെ പിരിച്ചുവിട്ടു

ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ സി അനിൽകുമാറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു.

വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടിൽ എസ് ദിവ്യയ്ക്കാണ് ദുരനുഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ അസുഖത്തെ തുടർന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങി വെള്ളറടയിലേക്കു പോകുകയായിരുന്നു. പേഴ്സ് കാണാത്തതിനാൽ ​ഗൂ​ഗിൾ പേയിലൂടെ പണം നൽകാൻ ശ്രമിച്ചപ്പോൾ മൊബൈൽ റെയ്ഞ്ച് കുറവായതിനാൽ സാധിച്ചില്ല. വെള്ളറടയിൽ എത്തുമ്പോൾ പണം നൽകാമെന്നു പറഞ്ഞെങ്കിലും കണ്ടക്ടർ ഇതം​ഗീകരിച്ചില്ല. പിന്നാലെ കണ്ടക്ടർ അധിക്ഷേപിച്ചെന്നും രാത്രി 9.10നു തോലടിയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും എടിഒയ്ക്കു ദിവ്യ നൽകിയ പരാതിയിൽ പറയുന്നു.

ഭർത്താവിനെ വിവരം അറിയിച്ചതിനെ തുടർന്നു രാത്രി വീട്ടിൽ രണ്ട് ചെറിയ കുട്ടികളെ മാത്രമാക്കി ബൈക്കിൽ ദിവ്യയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കണ്ടക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ സംഭവം നടന്നിട്ടില്ലെന്നാണ് കണ്ടക്ടർ പറയുന്നത്. യുവതി ബസിൽ കയറിയിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു. കളിയിക്കാവിള– വെള്ളറട റൂട്ടിലാണ് ബസ് സർവീസ്. സംഭവ ദിവസം ബസ് കൂനമ്പനയിലേക്കു പോയിട്ടില്ലെന്നും അനിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button