
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ഇതിനായി കെ എസ് ഇ ബിയും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും അടിയന്തര നടപടികള്‍ സ്വീകരിക്കണം. മാത്രമല്ല, വൈദ്യുതി അപകടങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകളും നല്‍കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആണ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതിനെ തുടർന്നാണ് തീരുമാനം. വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് മന്ത്രി വിലയിരുത്തി.