
കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി. തിരുവനന്തപുരം ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും. നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും. മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിയില്‍ ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, നീരജ് ഡാന്‍ഗി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങള്‍. രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാന്‍ നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങള്‍ നേതാക്കളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 16ന് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. ഈ മാസം 19ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും.
ഓരോ മണ്ഡലത്തിലും മൂന്ന് പേരുകള്‍ അടങ്ങിയ പട്ടികയില്‍ ആകും ആദ്യഘട്ട ചര്‍ച്ചകള്‍. ഓരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക നല്‍കാന്‍ എഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുനില്‍ കനഗോലുവിന്റേതടക്കം സര്‍വേ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നും നാളെയും സ്‌ക്രീനിംഗ് കമ്മിറ്റി സംസ്ഥാനത്ത് തുടരും. പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര പൂര്‍ത്തിയാകുന്ന മുറയ്ക്കാകും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് വിവരം.




