Blog

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കർദാസിന് ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിന് ജാമ്യം ലഭിച്ചില്ല. സ്വര്‍ണക്കൊള്ള കേസില്‍ ശങ്കര്‍ദാസ് സമര്‍പ്പിച്ച രണ്ട് ജാമ്യഹര്‍ജികളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ശങ്കര്‍ദാസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം പരിശോധിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കട്ടിളപ്പാളി കേസിലും ദ്വാരപാലക പാളി കേസുകളിലും പ്രതിയാണ് കെ രി ശങ്കര്‍ദാസ്. ജനുവരി 14നായിരുന്നു ശങ്കര്‍ദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ പത്മകുമാര്‍ അംഗമായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കര്‍ദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍ വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്.

ജനുവരി 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലില്‍ നിന്നും ശങ്കര്‍ദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു മാറ്റം. ശങ്കര്‍ദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ശങ്കര്‍ദാസിനെ ജയിലില്‍ പാര്‍പ്പിച്ച് ചികിത്സ തുടരാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിന് പിന്നാലെയാണ് ശങ്കര്‍ദാസിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതും അവിടെ ചികിത്സ തുടരാനും തീരുമാനമായതും.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകപാളി കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ബൈജു ജയില്‍ മോചിതനായിരുന്നു. കേസില്‍ ഏഴാമതായി ജയില്‍ മോചിതനാകുന്ന ആളായിരുന്നു ബൈജു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button