കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ; സംവിധായകൻ വി എം വിനുവിന് വോട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. കല്ലായി ഡിവിഷനില്‍ വി എം വിനു പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനില്‍ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേയ്ക്കും താമസം മാറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ദീര്‍ഘനാളായി കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമാണ് വി എം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യന്‍ എന്ന നിലയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു രാഷ്ട്രീയത്തില്‍ വളരെ സജീവമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു.



