Blog

കവടിയാർ കൊട്ടാരത്തിലെ സ്വർണ്ണമോഷണം: അന്വേഷണത്തിൽ കടുപ്പിച്ച് പൊലീസ്, പരാതിയുമായി രാജകുടുംബം

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണമോഷണത്തിൽ നട്ടം തിരിഞ്ഞ് പൊലീസ്. കൊട്ടാരവുമായി അടുപ്പമുള്ള ചിലരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ രാജ കുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. പരാതിക്കാർ തന്നെ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വർണം കടത്തിയവരെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്.

സ്വർണം കാണാതെ പോകുന്നത് നാലു മാസം മുമ്പാണ്. കേസെടുക്കാൻ രാജകുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പരാതിയില്ലാതെ രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. രണ്ടാഴ്ച കഴിയുന്നു പൊലീസ് കേസെടുത്തിട്ട്. തെളിവുകളെല്ലാം നശിച്ച ശേഷം തുടങ്ങിയ അന്വേഷണം. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. അതിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെയാണ് പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്.

കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിൻെറ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. സ്വർണം കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. കൊട്ടാര അംഗ തന്നെ പൊലീസിനെതിരെ പരാതി ഉന്നയിച്ചതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button