കവടിയാർ കൊട്ടാരത്തിലെ മോഷണം: സഹായം ലഭിച്ചത് ഉള്ളിൽ നിന്നെന്ന് നിഗമനം; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി; രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ പൊലീസിന് നിര്‍ണായക സൂചനകള്‍. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു. (Theft at Kowdiar Palace)
കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മൊഴി രേഖപ്പെടുത്തി. മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദര്‍ശകരുടെയുള്‍പ്പടെ മൊഴി രേഖപെടുത്തി. യൂട്യൂബേഴ്‌സിന്റെയും മൊഴി രേഖപെടുത്തി. കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചതായാണ് നിഗമനം. നിലവില്‍ കണ്ടോണ്‍മെന്റ് എസിക്കാണ് അന്വേഷണച്ചുമതല.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണ് കേസ്. ശേഷിക്കുന്ന ആഭരണങ്ങള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് 2-ാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറില്‍ നിന്ന് ആഭരണം മോഷ്ടിച്ചതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തില്‍ പുറത്തു നിന്നുള്ളവര്‍ക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് ഇന്നലെ കൊട്ടാരത്തിലെത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. ഗൗരി ലക്ഷ്മിബായിയുടെ അലമാരയില്‍ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വര്‍ണശേഖരവുമടക്കം നഷ്ടമായത്. 40ല്‍ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.
2025 നവംബറില്‍ ബെംഗളൂരുവില്‍ പോകുന്നതിനു മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പൊലീസിനോടു പറഞ്ഞു. മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട്. കൊട്ടാരത്തില്‍ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്കു പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.




