മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ MLA. ഉമ്മന്‍ ചാണ്ടി ഫൌണ്ടേഷന്‍ 5ലക്ഷം നല്‍കും. ചാണ്ടി ഉമ്മന്‍ MLA ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ തിരച്ചില്‍ ആരംഭിച്ചത്.
ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തിരച്ചില്‍ നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. പിന്നീട് ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം ഇന്നത്തെ സംസ്‌കാര ചടങ്ങിനായി 50,000 രൂപയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെ നടന്നത് ചാണ്ടി ഉമ്മന്റേയും പ്രതിഷേധത്തെ തുടര്‍ന്നാണ്.
കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂര്‍വ്വം എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ സ്ഥാനാതിരിക്കാന്‍ വീണാ ജോര്‍ജ് അര്‍ഹയല്ല എന്ന് തെളിയിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രെസും UDF പിന്നോട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈ അപകടത്തില്‍ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തില്‍ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം വേണം. അതല്ലാതെ സര്‍ക്കാര്‍ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നല്‍കണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.