
എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന് മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്കൂളില്‍ കൊണ്ട് വിട്ട മകന് അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.
കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്കൂളില്‍ എത്തിച്ചത്. സ്കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. മകന് മരിച്ച വിവരം വിദേശത്തുള്ള അമ്മയെ എങ്ങനെ അറിയിക്കും എന്നറിയാതെ കുഴങ്ങുകയാണ് മനുവും കുടുംബാംഗങ്ങളും. കുവൈത്തില്‍ ഹോം നഴ്സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. സുജയെ ഇതുവരെ വിവരം അറിയിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഇന്ന് രാവിലെ ആയിരുന്നു വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ച അപകടം ഉണ്ടായത്. സെക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് കയറുമ്പോള്‍ കാല് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു