Kerala

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു ; സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്.

അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. എന്താണ് സംഭവിച്ചത് എന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും സ്ഥലത്തേക്ക് എത്തി.

ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ സി വേണു​ഗോപാൽ എംപി. ഡിസൈനിൽ പിഴവ് ഉണ്ടായി എന്ന് അവർ തന്നെ സമ്മതിച്ചത് ആണ്. സുരക്ഷ ഓഡിറ്റ്‌ നടത്തും എന്ന് ഉറപ്പ് നൽകിയത് ആണ്. പക്ഷേ, ഒന്നും നടന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഉണ്ടായ സംഭവം. ദേശീയപാത ദുരന്തപാതയാക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇടപെടൽ നടത്താത്തത്? ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. പപ്പടം പൊടിയുന്ന പോലെ റോഡ് പൊടിഞ്ഞു വീഴുകയാണ്. അഴിമതി മൂടി വെക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്ക് എതിരെ പറയുന്നവരെ സംസ്ഥാന സർക്കാർ ശത്രുപക്ഷത്ത് നിർത്തുകയാണെന്നും കെ സി വേണു​ഗോപാൽ എംപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button