KeralaNews

കൊച്ചി തമ്മനത്ത് പമ്പിങ് പുനരാരംഭിച്ചു; തടസം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കും

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണി തകർന്നതിനെ തുടർന്ന് നിർത്തിവെച്ച പമ്പിങ് പുനരാരംഭിച്ചു. നിലവിലുള്ള രണ്ടറകളിൽ ഒന്നിന് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് പമ്പിങ് തുടങ്ങിയത്. പമ്പിങ് രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. തമ്മനത്തെ വാട്ടര്‍ അതോറിറ്റിയുടെ 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്‍റെ രണ്ടറകളില്‍ ഒന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. ഇതോടെ പമ്പിങ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി ജോയിന്‍റ് എം ഡി ഡോ. ബിനു ഫ്രാന്‍സിസ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രണ്ടറകളില്‍ ഒന്നിന് കേടുപാടുകള്‍ ഇല്ല എന്ന് സാങ്കേതിക വിദഗ്ധരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതെത്തുടര്‍ന്നാണ് പമ്പിങ് പുനരാരംഭിച്ചത്.

പമ്പിങ് നടക്കുമ്പോള്‍ രണ്ടറകള്‍ക്കിടയിലുള്ള ഭിത്തിക്ക് ക്ഷതം ഏല്‍ക്കാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ പാകി ബലപ്പെടുത്തിയിട്ടുണ്ട്. ദിവസേന രണ്ടുതവണയായി ഏഴുമണിക്കൂറാണ് പമ്പിങ് നടന്നിരുന്നത്. ഇത് മൂന്നുതവണയായി ഏഴു മണിക്കൂര്‍ എന്ന നിലയില്‍ ക്രമീകരിച്ചു. അതേ സമയം തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും വൃത്തിയാക്കി മണ്ണ് പരിശോധിച്ച് ബലപ്പെടുത്തി പുനര്‍ നിര്‍മ്മിക്കാനാണ് തീരുമാനം. പമ്പിങ് പുനരാരംഭിച്ചെങ്കിലും പച്ചാളം, വടുതല, എസ് ആര്‍ എം റോഡ്, ചേരാനല്ലൂര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ ബാനര്‍ജി റോഡ്, പൊന്നുരുന്നി എന്നിവിടങ്ങളിലെ വിതരണ ശൃംഖലയിലെ അവസാന ഭാഗമെത്തുമ്പോഴേക്കും തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിലിയിരുത്തിയിരുന്നു.

അങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കാനും വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കുടിവെള്ള സംഭരണി തകര്‍ന്ന് വെള്ളം കയറിയ കുത്താപ്പാടി കുടുംബാരോഗ്യ കേന്ദ്രം പൂര്‍ണ്ണമായും ശുചീകരിച്ച ശേഷം മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button