കൊച്ചിയില്‍ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് , കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

കൊച്ചിയില്‍ ഇന്ന് വൈകീട്ട് മുതല്‍ പെയ്തത് ശക്തമായ മഴ. മഴയ്‌ക്കൊപ്പം പലയിടത്തും ശക്തമായ ഇടിമിന്നലുമുണ്ടായി. കൊച്ചിയില്‍ പെയ്ത ശക്തമായ മഴയില്‍ എംജി റോഡിലെ കടകളില്‍ അടക്കം വെള്ളം കയറി. പലയിടത്തും വൈദ്യുതി മുടങ്ങി. എറണാകുളം ഇലഞ്ഞിയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയില്‍ കലൂര്‍ കതൃക്കടവ്, എംജി റോഡ്, ജോസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. രൂക്ഷമഴയെ തുടര്‍ന്ന് മൂന്നു മണിക്കൂര്‍ കൊച്ചി നഗരം ഓറഞ്ച് അലോട്ടിലായിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോയുടെ പണിയടക്കം ദുരിതത്തില്‍ ആയി. എംജി റോഡിലെ വെള്ളക്കെട്ട് കുറയുന്നുണ്ടെങ്കിലും ജോസ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. എറണാകുളം ഇലഞ്ഞിയില്‍ അമ്മയും കുഞ്ഞും മാത്രം ഉണ്ടായിരുന്ന വീടിന് ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ചു.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്കിയിട്ടുണ്ട്. കൂമ്പന്‍പാറ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ അടിമാലി- കല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചു. മൂന്നാര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലാര്‍കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കയപ്പെടുത്തി. മലയോര മേഖലകളില്‍ മഴ കനത്തേക്കും. നാളെയും മഴ തുടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.




