Kerala

സിനിമാക്കാര്‍ക്ക് പ്രത്യേക പ്രിവിലേജ് ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസ് എടുക്കുന്നതില്‍ നിയമതടസമില്ലെന്ന് കെഎന്‍ ബാലഗോപാല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് കെഎന്‍ ബാലഗോപാല്‍. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റിപ്പോര്‍ട്ടിനകത്തെ സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല. നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ഭരണപരമായ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണം. തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണ്. നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ആര്‍ക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസ് എടുക്കാന്‍ തടസമില്ല’- ബാലഗോപാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുന്‍ മന്ത്രി എകെ ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറംലോകം കാണണമെങ്കില്‍ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റില്ല. സര്‍ക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടായി. ഒരു ഘട്ടത്തില്‍ പ്രവര്‍ത്തനം സ്തംഭിക്കുമെന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയാണ് ഇടപെട്ടത്. സിനിമാക്കാരെ ഭയമില്ല, മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും എകെ ബാലന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button