KeralaNews

കിഫ്ബി മസാല ബോണ്ട് ഇടപാട്; ഇ ഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ ഇഡി നോട്ടീസിന് സ്‌റ്റേ. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി എന്നിവര്‍ക്ക് ഒരേ പോലെ താത്കാലിക ആശ്വാസം നല്‍കി ഇഡി നോട്ടീസിന് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നല്‍കിയത്.

ഇതിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ഇഡി നടപടി സ്റ്റേ ചെയ്തത്. ഇതില്‍ വിശദമായ വാദം ആവശ്യമാണെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി. അതിനിടെ രണ്ടു കക്ഷികള്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാം. ഇതുംകൂടി പരിഗണിച്ചായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയെന്നും കോടതി വ്യക്തമാക്കി.

മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസകിന് രണ്ടുതവണ ഇഡി സമന്‍സ് അയച്ചിരുന്നു.

കിഫ്ബി ഹാജരാക്കിയ രേഖകള്‍ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. ഇത് രാഷ്ട്രീയപ്രേരിതമായ നോട്ടീസ് ആണെന്നാണ് കിഫ്ബിയുടെ വാദം. കിഫ്ബി ഒരു ഫെമ നിയമ ലംഘന ചട്ടവും നടത്തിയിട്ടില്ല. മസാല ബോണ്ട് വഴി സമാഹരിച്ച തുക വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചത് എന്നും ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button