പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള കേരളത്തിന്റെ നീക്കം കാപട്യം;ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള കേരളത്തിന്റെ നീക്കം കാപട്യമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒപ്പിട്ട കരാറില്‍ നിന്നും പിന്മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണ് ഉള്ളത്. കാവിപ്പണം വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
സര്‍ക്കാര്‍ നീക്കം പാവപ്പെട്ടവന്റെ മേലുള്ള കടന്നുകയറ്റമാണ്. അധികാരത്തിന്റെ ഗര്‍വ് അടിച്ചേല്‍പ്പിക്കലാണ്. ഒപ്പുവെച്ച സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറുകയാണെന്ന് പറയുന്നു. ഒരു എഗ്രിമെന്റില്‍ ഒപ്പുവെച്ചാല്‍ പറ്റില്ലെന്ന് പറഞ്ഞു കത്തു കൊടുത്താല്‍ മതിയോയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
കത്തു കൊടുക്കുകയോ, വന്നിട്ട് എനിക്ക് പറ്റില്ലെടാ എന്നു പറയുകയോ ചെയ്താല്‍ ശരിയാണോ?. കത്തിന് കടലാസിന്റെ വിലയേ ഉള്ളൂ. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കുന്നതു പോലെ, വെറും കടലാസിന്റെ വിലയേ ഉള്ളൂ. അങ്ങനെയെങ്കില്‍ കാവിപ്പണം ഞങ്ങള്‍ക്ക് വേണ്ട എന്നു വിളിച്ചു പറയണമെന്നും ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു.


