KeralaNews

കേരളം ഇനി ആറുവരിയില്‍ കുതിക്കും; ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31 ന് തുറക്കും

സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത 66ന്റെ നാല് റീച്ചുകള്‍ മേയ് 31 മുതല്‍ ഗതാഗതത്തിന് തുറന്നു നല്‍കും. മഞ്ചേശ്വരം- ചെങ്കള റീച്ച് പണി പൂര്‍ത്തീകരിച്ചു വരുന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവസാന ഘട്ട പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍, വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റര്‍ (കോഴിക്കോട് ബൈപ്പാസ്), രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയുള്ള 39.68 കിലോമീറ്റര്‍, വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുള്ള 37.35 കിലോമീറ്റര്‍ എന്നിവയാണ് മേയ് 31 മുതല്‍ ഗതാഗതത്തിന് തുറക്കുന്നത്. ഗതാഗത തടസം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ താല്‍ക്കാലിമായി ഗതാഗതം അനുവദിക്കാറുണ്ട്. ഈ റീച്ചുകള്‍ പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് നല്‍കുന്നതോടെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയിലെ പന്‍വേലില്‍ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന 1,640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ദേശീയപാത 66. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റര്‍ റോഡാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. 22 റീച്ചുകളായാണ് നിര്‍മാണം. 17 റീച്ചുകളുടെ നിര്‍മാണം ഇനിയും ബാക്കിയാണ്. 45 മീറ്ററാണ് റോഡിന്റെ ആകെ വീതി. 27 മീറ്റര്‍ ആറുവരിപ്പാതയാണ്. ഇരുവശത്തും 6.75 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും രണ്ട് മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കമാണ് പുതിയ ദേശീയ പാത ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button