KeralaNews

ക്ഷേമ പെൻഷൻ കുടിശിക ആറാം മാസത്തിലേക്ക്! മരുന്ന് വാങ്ങാൻ പോലും വകയില്ലാതെ ക്ഷേമ പെൻഷൻകാർ

ഈ മാസവും ക്ഷേമപെൻഷൻ ഇല്ല; ലഭിക്കാനുള്ളത് 9600 രൂപ വീതം

തിരുവനന്തപുരം: സർക്കാരിൻ്റെ മൂന്നാം വാർഷികത്തിലും ക്ഷേമ പെൻഷൻകാർക്ക് അവഗണന. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും ക്ഷേമ പെൻഷൻ വിതരണം ചെയ്യും എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ബാലഗോപാലിൻ്റെ വാഗ്ദാനം.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്ദാനം മറന്നിരിക്കുകയാണ് ബാലഗോപാൽ. ക്ഷേമ പെൻഷൻ ഈ മാസം വിതരണം ചെയ്യില്ലെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ ക്ഷേമപെൻഷൻ കുടിശിക 6 മാസമായി ഉയരും. 2023 നവംബർ വരെയുള്ള ക്ഷേമ പെൻഷൻ മാത്രമാണ് കൊടുത്തത്.

2023 ഡിസംബർ, 2024 ജനുവരി, ഫെബ്രുവരി , മാർച്ച്, ഏപ്രിൽ എന്നി മാസങ്ങളിലെ ക്ഷേമ പെൻഷനാണ് കൊടുക്കാനുള്ളത്. ഈ മാസം കൂടിയാകുമ്പോൾ ക്ഷേമ പെൻഷൻ കുടിശിക 6 മാസമായി ഉയരും.

900 കോടി രൂപയാണ് ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ വേണ്ടത്. 6 മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ 5400 കോടി വേണം. 1600 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോ പെൻഷൻകാർക്കും 9600 രൂപ വീതം സർക്കാർ കൊടുക്കാനുണ്ട്. കൃത്യമായി നികുതികൾ ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന സർക്കാർ അവർക്ക് അർഹതപ്പെട്ട ക്ഷേമപെൻഷൻ തടഞ്ഞ് വച്ചിരിക്കുന്നത് നീതികരിക്കാനാവുന്നതല്ല.

ഒരു വശത്ത് ആശുപത്രി ചികിൽസക്ക് ചെലവായ മരുന്ന് മാത്രമല്ല കുളിക്കാൻ ഉപയോഗിച്ച തോർത്തിൻ്റേയും കഴിച്ച ഭക്ഷണത്തിൻ്റേയും വില വരെ ഖജനാവിൽ നിന്ന് കൃത്യമായി പോക്കറ്റിലാക്കുന്ന മന്ത്രിമാർ മറുവശത്ത് മരുന്ന് വാങ്ങിക്കാൻ പോലും പണം ഇല്ലാതെ ക്ഷേമ പെൻഷൻകാർ.

2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു പ്രകടന പത്രിക വാഗ്ദാനം. ക്ഷേമ പെൻഷൻ 100 രൂപ പോലും വർദ്ധിപ്പിച്ചില്ലെന്ന് മാത്രമല്ല 6 മാസത്തെ കുടിശികയും ആക്കി രണ്ടാം പിണറായി സർക്കാർ. പ്രകടന പത്രിക ഒക്കെ തമാശയായി മാറുന്ന കാലം. ഇതിനിടയിലും സർക്കാരിൻ്റെ മൂന്നാം വാർഷികം കെങ്കേമമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button