ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കർശന നടപടി, പ്രത്യേക പരീക്ഷ നടത്തി ഉടൻ ഫലപ്രഖ്യാപനം

0

കേരള സർവ്വകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതിവേഗം സ്പെഷ്യൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിൻഡിക്കേറ്റ്. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വർഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകൾക്ക് ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. കേന്ദ്രീകൃത മൂല്യനിർണ്ണയം നിർത്തലാക്കേണ്ടിവന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും, അതേ സംവിധാനം തിരികെ കൊണ്ടുവരണമെന്നും സേവ് യൂണിവേഴ്സിറ്റി ആവശ്യപ്പട്ടു.

കഴിഞ്ഞ ദിവസം റിപ്പോർട്ടറാണ് കേരള സർവ്വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര പേപ്പർ നഷ്ടമായെന്ന വാർത്ത പുറത്തുകൊണ്ടു വന്നത്. അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികൾക്ക് നിർദേശം നൽകുകയായിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പർ നഷ്ടപ്പെട്ടിട്ടും സർവ്വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

ഏപ്രിൽ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ-മെയിൽ വഴി അറിയിക്കുന്നത്. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. ഉത്തര പേപ്പർ നഷ്ടമായത് പാലക്കാട് നിന്നെന്ന് അധ്യാപകൻ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഗസ്റ്റ് അധ്യാപകനായ ഇയാൾ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റർ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. സർവകലാശാലയെ വിഷയം അറിയിച്ചതാണെന്നും അധ്യപകൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here