travel

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്‌സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിംഗിലാണ് കേരള ടൂറിസം വെബ്‌സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്‌സൈറ്റാണ് രണ്ടാം സ്ഥാനത്ത്.

ആഗോള റാങ്കിംഗില്‍ ട്രാവല്‍ സൈറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും ടൂറിസം ഇന്‍ഡസ്ട്രി വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തെത്തി. ഈ മൂന്ന് വിഭാഗങ്ങളിലും തായ്‌ലാന്റ് ടൂറിസമാണ് ഒന്നാമത്. മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്‌നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്.

2007 ല്‍ ആരംഭിച്ച സിമിലര്‍ വെബ് ഡോട്ട് കോം വെബ് ട്രാഫിക് വിശകലനത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയ സൈറ്റ് ആണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം പേര്‍ കേരള ടൂറിസം വെബ്‌സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് കണ്ടിരിക്കുന്നത് ഒന്നരക്കോടിയിലധികം വെബ്‌പേജുകളാണ്.

ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്‌സൈറ്റ് റാങ്കിംഗിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന്റെ പ്രാധാന്യം സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്രികരുടെ മാറുന്ന അഭിരുചി തിരിച്ചറിഞ്ഞാണ് നൂതന പദ്ധതികളും ഉത്പന്നങ്ങളും കേരള ടൂറിസം നടപ്പാക്കുന്നത്. ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റിലൂടെ സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button