തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്റെ കാലാവധി.
ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നത്. പ്രസിഡന്റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി.മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ.വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊളളക്കേസിൽ അറസ്റ്റിലായി ,ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്.


