KeralaNews

നിതിൻ രാജിന്റെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി.

ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിൻ ആവശ്യപ്പെടുകയും അവർ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജിൽ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിൻ കെട്ടിടത്തിൽ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടൻ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതർ വിളിച്ചുപറഞ്ഞില്ല. വാർത്ത കണ്ട് ബന്ധുക്കൾ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

വകുപ്പ് മേധാവി ഡോ. എം കെ റാമും ഡോ. സംഗീത നമ്പ്യാരും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യവും കാണിച്ചിരുന്നു എന്നാണ് ആരോപണം.

കോളേജിൽ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തക്കൾക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിൻ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനെന്ന് പറഞ്ഞു. സഹപാഠികൾക്കിടയിൽ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിൻ രാജ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.

ഈ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളേജിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ഒരു വിദ്യാർത്ഥിയുടെ മരണത്തിലേക്ക് വരെ നയിച്ച ഈ അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button