Kerala

സെക്രട്ടറിയേറ്റില്‍ ലൈറ്റും ഫാനും വാങ്ങാന്‍ 24.32 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ബാധകമാകാത്തയിടമാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ്. തണുപ്പ് കുറഞ്ഞെന്ന് തോന്നിയാലുടനെ പുതിയ എ.സി റെഡി. ഇപ്പോഴത്തെ വെളിച്ചം അത്രപോര എന്ന മന്ത്രിമാര്‍ക്ക് തോന്നിയാല്‍ ട്യൂബ് ലൈറ്റും എല്‍.ഇ.ഡി ബള്‍ബും റെഡി.

ഈ മാസം 17 ന് മന്ത്രിമാരുടെ ഓഫീസിലേക്കും സെക്രട്ടേറിയേറ്റിലെ മറ്റ് ഓഫീസിലേക്കും ട്യൂബ് ലൈറ്റ്, എല്‍.ഇ.ഡി ബള്‍ബുകള്‍, ട്യൂബ് സ്റ്റര്‍ട്ടറുകള്‍, പെഡസ്റ്റല്‍ ഫാനുകള്‍, ബാറ്ററികള്‍ എന്നിവ വാങ്ങാന്‍ അനുവദിച്ചത് 19.70 ലക്ഷം രൂപയാണ്. 5 ലൈഫ് മിഷന്‍ വീട് വയ്ക്കാനുള്ള തുകയാണിത്. 9 ലക്ഷം പേരാണ് ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ വകയിരുത്തിയതിന്റെ രണ്ട് ശതമാനം മാത്രമാണ് ലൈഫ് മിഷന് നല്‍കിയത്. ഈ മാസം 10 ന് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെ സിലിംഗ് ഫാന്‍സി ഷോ ലൈറ്റുകളുടെ ഗ്ലാസുകള്‍, ഹോര്‍ഡറുകള്‍, ബള്‍ബുകള്‍ മുതലായവ കേടുപാടുകള്‍ മാറ്റി വൃത്തിയാക്കല്‍, പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 4.62 ലക്ഷവും അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് യാത്ര ബത്ത നല്‍കാന്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി 12 ലക്ഷം അനുവദിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറുന്നത്.

ആഗസ്ത് 1 മുതലുള്ള എല്ലാ കണ്ടിജന്റ് ബില്ലും ട്രഷറി ക്യൂവിലാണ്. സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്. പ്രതിസന്ധിക്കിടയിലും ഭരണ സിരാ കേന്ദ്രത്തിന് ലക്ഷങ്ങള്‍ അനുവദിക്കുന്നതിന് ഒരു നിയന്ത്രണവും ഇല്ല എന്ന് പുറത്തിറങ്ങുന്ന ഉത്തരവുകളില്‍ നിന്ന് വ്യക്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button