സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. സ്പെഷ്യല്‍ ക്ലാസുകള്‍ അടക്കം നടത്തരുത് എന്നും ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിതീവ്ര മഴ മലവെള്ളപ്പാച്ചില്‍,മിന്നല്‍ പ്രളയം,ഉരുള്‍പൊട്ടല്‍,നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് ജൂണ്‍ 14 മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍14ന് കണ്ണൂരും കാസര്‍കോടും ജൂണ്‍15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന – റായലസീമയ്ക്ക് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് മഴയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. തല്‍ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശനി മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരളത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.