
ശബരിമല സ്വർണ മോഷണക്കേസിൽ കളങ്കിതരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുമെന്നും ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല എന്നും കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ പത്മകുമാർ കുറ്റാരോപിതൻ മാത്രം. കുറ്റം തെളിയേണ്ടതുണ്ട്. എസ് ഐ ടി യുടെ അന്വേഷണം തുടരുന്നതേ ഉള്ളു. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ല. പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ല’ എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എസ്ഐടി സംഘത്തിൻ്റെ മൊഴിയെടുപ്പ് തുടരുന്നതിനിടെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ വൈദ്യ പരിശോധനയ്ക്കായി അൽപ സമയത്തിനകം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കും.


