Kerala

മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി ; കുടിശിക തീർക്കാൻ സർക്കാരിന് പത്ത് ദിവസം കൂടി സമയം നൽകി വിതരണക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ തൽക്കാലം പ്രതിസന്ധിയിലാകില്ല. ഉപകരണങ്ങളുടെ കുടിശിക തീർക്കാൻ സർക്കാരിന് പത്ത് ദിവസം കൂടി വിതരണക്കാര്‍ സമയം നല്‍കിയിട്ടുണ്ട്. ഇതോടെ താല്‍ക്കാലിക ആശ്വാസം ആയിരിക്കുകയാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കരുത് എന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥനക്ക് പിന്നാലെയാണ് വിതരണക്കാരുടെ തീരുമാനം. വിതരണക്കാരുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് നടക്കും.സംസ്ഥാനത്തെ നാല് പ്രധാന സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണ കുടിശ്ശികയാണ് സര്‍ക്കാര്‍ വീട്ടാനുള്ളത്. കുടിശിക തീര്‍ക്കുന്നതിന് കരാറുകാർ അനുവദിച്ച സമയപരിധി അവസാനിച്ചു. ഇതോടെയാണ് ഉപകരണങ്ങൾ തിരിച്ചെടുക്കാന്‍ വിതരണക്കാർ രംഗത്തെത്തിയത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റെന്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ സ്റ്റോക്കും തിരികെ എടുക്കുമെന്നായിരുന്നു ആദ്യം വിതരണക്കാർ അറിയിച്ചത്. പിന്നീട് പത്ത് ദിവസത്തെ കാലാവധി നല്‍കുകയായിരുന്നു. സെപ്റ്റംബർ മുതൽ പുതിയ സ്റ്റോക്ക് വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ നാല് ആശുപത്രികളിലെയും ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണ്. മാർച്ച് വരെയുള്ള കുടിശ്ശിക തീർക്കണം എന്നാണ് കരാറുകാരുടെ ആവശ്യം. 159 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതിൽ 30 കോടി രൂപയ്ക്ക് അടുത്ത് മാത്രമാണ് സർക്കാർ നൽകിയത്.100 കോടി രൂപയുടെ കൂടിശ്ശിക തീർത്ത്, പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button