
ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. ഹാല് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നാണ് സെൻസർ ബോർഡിൻ്റെ വാദം.
വിധിയിലൂടെ സെൻസർ ബോർഡിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. നിർമ്മാതാക്കൾ വീണ്ടും സെൻസർ ബോർഡിനെ സമിപിക്കണം. അപേക്ഷിച്ചാൽ രണ്ട് ആഴ്ചക്കകം തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. 2 സീനുകൾ കട്ട് ചെയ്യാൻ കോടതി നിർദേശിച്ചു. 17 കട്ടുകളായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്.
ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണം. മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം. കണക്ക് ആധികാരികതയില്ലാത്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിനിമയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നും കോടതി പറഞ്ഞു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
ഹർജി പരിഗണിക്കുന്ന ജഡ്ജി ജസ്റ്റിസ് വി ജി അരുൺ സ്റ്റുഡിയോയിൽ നേരിട്ടെത്തി സിനിമ കണ്ടതിന് ശേഷമാണ് വിശദമായ വാദം കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും , സംഘം കാവലുണ്ട് , ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉൾപ്പെടെ 15 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ആർ എസ് എസ് നേതാവ് ഹർജിയിൽ കക്ഷി ചേർന്ന് സിനിമക്ക് എതിരെ കോടതിയിൽ വാദിച്ചിരുന്നു.


