Kerala

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റന്നാൾ മുതൽ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിങ്ങനെ 12 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കടുത്ത വേനലിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് പരക്കെ വേനൽമഴ കിട്ടിയേക്കും.

രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button