തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവും മരവിപ്പിച്ചു. 1-4-24 ല്‍ ലഭിക്കേണ്ട മൂന്നാം ഗഡുവാണ് മരവിപ്പിച്ചത്. ആദ്യ രണ്ട് ഗഡുക്കളും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അനന്തമായി മരവിപ്പിച്ചിരുന്നു. ഇതോടെ ശമ്പള പരിഷ്‌കരണ കുടിശിക ആവിയായി പോകുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത് 64000 രൂപ മുതല്‍ 3,76,400 രൂപ വരെ. ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 4000 കോടി രൂപയാണ്. 1-7-19 മുതല്‍ 28-2-21 വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 1-4-23, 1-10-23, 1-4-24, 1-10-24 തീയതികളില്‍ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
2021 ഫെബ്രുവരിയില്‍ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്‌കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാല്‍. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാല്‍ അനങ്ങിയില്ല.
1-4-23 ലും 1-10-23 ലും ലഭിക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാല്‍ അനന്തമായി മരവിപ്പിച്ചിരുന്നു. ആദ്യ 2 ഗഡുക്കള്‍ കൊടുക്കാന്‍ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവില്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.
ജീവനക്കാരന് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശിക ഇപ്രകാരം
| തസ്തിക | അടിസ്ഥാന ശമ്പളം | ലഭിക്കേണ്ട കുടിശിക |
| ഓഫിസ് അറ്റൻഡൻ്റ് | 23000 | 64000 |
| ക്ലർക്ക് | 26500 | 74000 |
| സിവിൽ പോലിസ് ഓഫിസർ | 31100 | 89200 |
| സ്റ്റാഫ് നേഴ്സ് | 39300 | 118800 |
| ഹൈസ്ക്കൂൾ ടീച്ചർ | 45600 | 136800 |
| സബ് ഇൻസ്പെക്ടർ | 55200 | 156000 |
| സെക്ഷൻ ഓഫിസർ | 56500 | 158000 |
| ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 166000 |
| അണ്ടർ സെക്രട്ടറി | 63700 | 174800 |
| എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 238400 |
| സിവിൽ സർജൻ | 95600 | 263200 |
| ഡപ്യൂട്ടി സെക്രട്ടറി | 107800 | 298400 |
| ജോയിൻ്റ് സെക്രട്ടറി | 123700 | 338000 |
| അഡീഷണൽ സെക്രട്ടറി | 140500 | 376400 |




