
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. രാവിലെ പവന് 1040 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 640 രൂപയാണ് കുറഞ്ഞത്. 86,120 രൂപയായാണ് വില താഴ്ന്നത്. രാവിലെ 86,760 രൂപയായിരുന്നു സ്വര്‍ണവില. 87,000 കടന്നും കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയാണ് തിരിച്ചിറങ്ങിയത്. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 10,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.
ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വര്‍ധിച്ചത്. ഈ കുതിപ്പ് ഇന്ന് രാവിലെയും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2080 രൂപയുടെ വര്‍ധനയ്ക്ക് ശേഷമാണ് ഉച്ചയോടെ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞത്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.




