
സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആകെ 25 ലക്ഷം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുള്ളത്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം : ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.
ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്
ഫോം 6A – പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്
ഫോം 7 – മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്
ഫോം 8 – വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കും
ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.




