KeralaNews

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം

വനഭൂമിയിലെ കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കും. 1993ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥ പ്രകാരം 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് നീക്കം.

കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. നിയമസ സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി. ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.

ഫോം മാറ്റിങ്ങ്‌സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറകറെ ചുമതലപ്പെടുത്തി. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക്, (01/01/2019 മുതല്‍ 2022 ഡിസംബര്‍ വരെ) ദിവസം 28 രൂപ നിരക്കില്‍ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നല്‍കിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കും. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് ഇതിന് അനുമതി നല്‍കി.

തൃശ്ശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കുട്ടന്‍കുളം നവീകരണ പ്രവൃത്തികള്‍ക്കായി 4,04,60,373 രൂപയുടെ ടെണ്ടറും മന്ത്രിസഭായോഗം അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button