കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു.
ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ക്രമീകരിച്ച പരീക്ഷാഫലം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. മൗലിക അവകാശകളുടെ നഗ്‌നമായ ലംഘനമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. നീതിപൂര്‍ണമായ ഒരു മാര്‍ക്ക് ഏകീകരണ പ്രക്രിയ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍.
സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണമാക്കില്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് ന്യായമായ അവകാശമല്ലെന്നും കാലങ്ങളായി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ അവഗണന നേരിടും എന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിച്ചു. ഹൈക്കോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പുതിയ റാങ്ക് ലിസ്റ്റില്‍ കേരള സിലബസിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആണ് പിന്തള്ളപ്പെട്ടത്.