കീം റാങ്ക് ലിസ്റ്റ് വിവാദം: കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കും

0

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍. കോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു പിന്തുണ നല്‍കണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികള്‍ക്ക് എതിരെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിയമം മറ്റുള്ളവര്‍ക്ക് ദോഷമാണെന്ന് കാണുമ്പോള്‍ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ പിന്നോട്ട് പോയതില്‍ മനോവിഷമം ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ കീം ഫലത്തില്‍ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.

LEAVE A REPLY

Please enter your comment!
Please enter your name here