Kerala

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ആനന്ദവല്ലിക്ക് പണം നൽകി കരുവന്നൂർ ബാങ്ക്

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.

ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എൽ സി സെക്രട്ടറി ആർ എൽ ജീവൻലാൽ പറഞ്ഞു.കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം ഇരിങ്ങാലക്കുടിയിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ വെച്ചാണ് കേന്ദ്രമന്ത്രി അപമാനിച്ചത്.

കലുങ്ക് ചർച്ചയിലെ വിവാദത്തിൽ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ വിഷമം ഉണ്ടായെന്ന് ആനന്ദവല്ലി നേരത്തെ പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് പറഞ്ഞു കേട്ടതുകൊണ്ടാണ് അദ്ദേഹത്തെ പോയി കണ്ടത്. മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകൾ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തിൽ അപമാനിതയായിയെന്നും ആനന്ദവല്ലി പറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയിൽ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സഹായം അഭ്യർഥിച്ചത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായാണ് വയോധിക എത്തിയത്. ഇതിനു മറുപടിയായി, “ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍ നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ” എന്നായിരുന്നു മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് വയോധിക പറയുമ്പോള്‍ പത്രക്കാരോട് ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button