
പ്രശസ്ത നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. മാർച്ച് 10ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് രണ്ടുതവണ താരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണമാണ് നിലവിൽ സിബിഐ നടത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. അപകടത്തിൽ60 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ചതിലും ഏഴുമണിക്കൂറോളം വൈകിയാണ് താരം പരിപാടിയ്ക്കായി എത്തിയത്. അത് എന്തുകൊണ്ടാണ്, തിക്കും തിരക്കും മൂലം പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തിനാണ് പ്രസംഗം തുടർന്നത്, ഉണ്ടായ തിരക്കുകൾ ഒഴിവാക്കി അവിടെ കൂടിയ ആളുകളെ പിരിച്ചുവിടുന്നതിനായി ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലോ അല്ലെങ്കിൽ സൂപ്പർ താരമെന്ന നിലയിലോ എന്ത് നടപടിയാണ് സ്വീകരിച്ചത്, ഇത്രയും വലിയ ഒരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ടാണ് പെട്ടെന്ന് തന്നെ ചെന്നെയിലേക്ക് തിരികെ പോയത് എന്നീ കാര്യങ്ങളാണ് നിലവിൽ സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
സംഭവം അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇതിനകം സിബിഐ എടുത്തു കഴിഞ്ഞു. വിജയ് നായകനായ ജനനായകന്റെ റിലീസ് ഉൾപ്പെടെ നീളുന്നതിനിടെ ആണ് സിബിഐ വീണ്ടും താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.



