കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു, ആ തിരുവാഭാരണം എവിടെ ? എം വി ഗോവിന്ദൻ

എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ല. ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുലിനെതിരെ നിരവധി പരാതികൾ വന്നു. കോൺഗ്രസ് തന്നെ രാഹുലിനെ വിമർശിച്ചു. സമാന സാഹചര്യം അല്ല സ്വർണ്ണ കൊള്ളയിൽ ഉള്ളത്. രാഹുലിനെ കിട്ടിയാൽ അല്ലേ പിടിക്കാൻ പറ്റൂ. രാഹുലിനെ കോൺഗ്രസ് പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. ശുഭപ്രതീക്ഷയോടെ ഇരിക്കൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടം കോൺഗ്രസിന്റെ ഐശ്വര്യമാണ്. സ്വർണ്ണ കൊള്ളയിൽ ഒരാളെയും പാർട്ടി സംരക്ഷിക്കില്ല. പകുതി വെന്ത നിലപാട് സ്വീകരിക്കില്ല. പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. അവരും പാർട്ടിയുടെ മുഖമാണ്. അവരും കൂടി ചേർന്നതാണ് പാർട്ടി. ശിക്ഷാവിധിക്കെതിരെ സമീപിക്കാൻ മേൽക്കോടതിയുണ്ടെന്നും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു.




