National

കർണാടകയിലെ ‘ബുൾഡോസർ വിവാദം’ ; ഇടപ്പെട്ട് എ ഐ സി സി, വിശദീകരണം നൽകണം

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദം കത്തുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ ഇടപെട്ട് കോൺഗ്രസ് നേതൃത്വം. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടത്തിയതെന്നുമാണ് ഡി.കെ.ശിവകുമാറിന്റെ വിശദീകരണം. ഒഴിപ്പിക്കൽ നടപടി വിവാദമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ നിർമിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ലാറ്റുകൾ അടങ്ങിയ സമുച്ചയം നിർമിച്ച് നൽകാനാണ് ആലോചന. സ‍ർവേ നടപടികൾ തുടങ്ങാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ വിമർശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുൾപ്പെടെ ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്‍റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button